ലോകാവസാനം ശനിയാഴ്ച തന്നെയെന്ന് ! പ്രചരണം തെറ്റുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ

ലോകാവസാനത്തെ കുറിച്ചുള്ള ഒടുവിലത്തെ പ്രവചനപ്രകാരം ഭൂമിയിലെ മനുഷ്യരടക്കം സകല ജീവജാലങ്ങള്‍ക്കും ഇനി അധികം മണിക്കൂറുകള്‍ ഇല്ല.

ലോകത്ത് വന്‍കിട മാധ്യമങ്ങള്‍ അടക്കം ചില ശാസ്ത്രജ്ഞരുടെ വാക്കുകള്‍ ‘ക്വാട്ട്’ ചെയ്താണ് ലോകാവസാനം ഉറപ്പിച്ചത്.

എന്നാല്‍ മുന്‍പും ഇത്തരം പ്രവചനങ്ങള്‍ തെറ്റിയതിനാല്‍ ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ ശാസ്ത്രജ്ഞര്‍.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017 സെപ്റ്റംബര്‍ 23ന് ഭൂമി മറ്റൊരു ഗ്രഹത്തില്‍നിന്നുള്ള അതി ഭീമാകാരമായ വായു പ്രകമ്പനത്തിന് ഇരയാകും. ആ പ്രകമ്പനത്തില്‍ കടല്‍ ജലം ആകാശത്തോളം ഉയരും. ഭൂമിയുടെ അടിത്തട്ടുവരെ കീഴ്മേല്‍മറിയും. ഇന്ന് ഭൂമിയ്ക്കുമേല്‍ കാണുന്ന എല്ലാം- ജീവജാലങ്ങളും സസ്യജാലങ്ങളും അടക്കം എല്ലാം- അപ്രത്യക്ഷമാകും. കടലിലെ ഏതാനും ചില ജീവികള്‍ മാത്രമാണ് ജീവനുള്ളവയായി ഭൂമിയില്‍ പിന്നീട് ശേഷിക്കുക.

സെപ്റ്റംബര്‍ 23ന് ഭൂമിയില്‍ ‘നിബിറു'( Nibiru) എന്ന മറ്റൊരു ഗ്രഹം വന്ന് ഇടിക്കുമെന്നും അത് ലോകാവസാനത്തിന് ഇടയാക്കമെന്നുമാണ് മറ്റൊരു ‘പ്രവചനം’. യഥാര്‍ഥത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ലോകാവസാന കഥയാണിത്. 1970-കള്‍ മുതല്‍ ഈ ഗ്രഹത്തെ ഭൂമിയുടെ അന്തകനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകള്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ള സംഖ്യാശാത്രത്തെ കൂട്ടുപിടിച്ച് അമേരിക്കക്കാരനായ ഡേവിഡ് മീഡേ എന്നയാള്‍ എഴുതിയ പുസ്തകം നിബിറു ഗ്രഹം ഭൂമിയുടെ അന്തകനാകുമെന്ന് സിദ്ധാന്തിക്കുന്നു.

നിബിറുവിനെ സംബന്ധിച്ച ‘വിദഗ്ധ പ്രവചനങ്ങള്‍’ പ്രകാരം യഥാര്‍ഥത്തില്‍ നിബിറു 2003-ല്‍ ഭൂമിയില്‍ വന്നിടിക്കേണ്ടതായിരുന്നു. എന്നാല്‍ ചില പ്രത്യേക പ്രാപഞ്ചിക ശക്തികളുടെ ആകസ്മിക ഇടപെടല്‍ ലോകാവസാനത്തെ 2012-ലേയ്ക്ക് നീട്ടിവെച്ചു. എന്നാല്‍ അപ്പോഴും വിചാരിച്ചതുപോലെ സംഗതി നടന്നില്ല. പിന്നീടാണ് പ്രവചനക്കാര്‍ 2017 സെപ്റ്റംബറിലേക്ക് നിബിറുവും ഭൂമിയും തമ്മിലുള്ള കൂട്ടിയിടി നിശ്ചയിച്ചത്.

ജ്യോതിശാസ്ത്ര ബന്ധം അവകാശപ്പെടുന്ന പ്രവാചകന്‍മാരും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളും ഈ കഥയ്ക്ക് വലിയ പ്രചാരം നല്‍കി. നിരവധി സാധാരണക്കാരായ വിശ്വാസികള്‍ ഇതില്‍ വീണുപോവുകയും ചെയ്തു. പലപ്പോഴും ശാസ്ത്രത്തിന്റെയും (?) മത ഗ്രന്ഥങ്ങളുടെയും കൂട്ടുപിടിച്ചാണ് ഇത്തരം പ്രചാരണങ്ങളുണ്ടായത്. നാസയിലെ ഗവേഷകരുടെ പ്രബന്ധങ്ങള്‍ വരെ ഇത്തരം കഥകളെ സാധൂകരിക്കാന്‍ വ്യാജമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഈ ഗ്രഹം കൂട്ടിയിടിച്ച് ലോകാവസാനം ഉണ്ടാകില്ലെന്ന കാര്യത്തില്‍ ഗവേഷകര്‍ ലോകത്തിന് പലതവണ ഉറപ്പു നല്‍കിയിട്ടുണ്ട്. ഉറപ്പിനു കാരണം അങ്ങനെയൊരു ഗ്രഹം ഇല്ല എന്നതുതന്നെ. നിബിറു അടക്കമുള്ള ഇത്തരം കഥകളൊക്കെ ഇന്റര്‍നെറ്റ് ഹോക്സ് (കബളിപ്പിക്കല്‍) ആണെന്ന് നാസ (NASA) 2012-ല്‍ തന്നെ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിബിറുവോ അതുപോലുള്ള ഏതെങ്കിലും ഗ്രഹമോ ഭൂമിയുടെ നേര്‍ക്ക് വരുന്നുണ്ടായിരുന്നെങ്കില്‍ അതിപ്പോള്‍ ഇവിടെ എത്തിയിട്ടുണ്ടാകുമായിരുന്നു. കുറഞ്ഞപക്ഷം നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണുകയെങ്കിലും ചെയ്യാമായിരുന്നു. കാരണം ഈ ഗ്രഹങ്ങള്‍ ഭൂമിയുടെ നേര്‍ക്കു വരുന്നതായുള്ള പ്രവചനങ്ങള്‍ക്ക് ഏതാനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്- നാസയുടെ പ്രസ്താവന പറയുന്നു.

എന്നാല്‍ ബൈബിളില്‍ ലോകാവസാനത്തിന്റെ ചില സൂചനകളുണ്ടെന്ന് ചിലര്‍ കരുതുന്നു. ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും കന്നി (Virgo), ചിങ്ങം (Leo) എന്നീ നക്ഷത്ര രാശികളും പ്രത്യേക രേഖയില്‍ വരുന്ന ഒരു സെപ്റ്റംബര്‍ 23ന് ലോകാവസാനം സംഭവിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ ജോതിശാസ്ത്രപ്രകാരം ഈ വാദങ്ങള്‍ക്ക് വലിയ നിലനില്‍പ്പില്ലെന്ന് ശാത്രജ്ഞര്‍ പറയുന്നു.

എല്ലാ വര്‍ഷവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ചന്ദ്രന്റെയും സൂര്യന്റെയും സ്ഥാനങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ വരാറുണ്ട്. 2017-ലും അക്കാര്യത്തിന് സവിശേഷതകളൊന്നുമില്ലെന്ന് കോള്‍ഗേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആന്തോണി അവേനി വ്യക്തമാക്കുന്നു.

കടപ്പാട്: നാഷണല്‍ ജ്യോഗ്രഫിക്

Top