ശാസ്ത്ര ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി മൗണ്ട് ഗാന്‍ഡെംഗ് പര്‍വ്വതം

ശാസ്ത്ര ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി ചൈനീസ് പ്രവിശ്യയായ ഗുയിഷോയില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട്  ഗാന്‍ഡെംഗ് പര്‍വ്വതം.മുപ്പതു വര്‍ഷം കൂടുമ്പോള്‍ കല്ലുമുട്ടയിടുന്നു എന്നതാണ് ഈ പര്‍വ്വതത്തിന്റെ പ്രത്യേകത. ഇതു കാണാനായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കേള്‍ക്കുമ്പോള്‍ വളരെ കൗതുകമായി തോന്നാമെങ്കിലും കാലങ്ങളായി നടക്കുന്ന ഒരു പ്രതിഭാസമാണിത്. മൗണ്ട് ഗാന്‍ഡെംഗ് പര്‍വ്വതം അഞ്ഞൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപം കൊണ്ടതാണെന്ന് കരുതപ്പെടുന്നു.

ഈ പര്‍വ്വതത്തിന്റെ 65 അടി ഉയരവും 20 അടി വീതിയുമുള്ള ഒരു വശത്ത് ഓരോ മുപ്പതു വര്‍ഷം കൂടുമ്പോളും മിനുസത്തോടെ മുട്ടയുടെ ആകൃതിയില്‍ കല്ലുകള്‍ പുറത്തേക്ക് വരും. എന്നാല്‍ പുറത്തേക്ക് തള്ളിവരുന്ന ഈ കല്ലുകള്‍ കാലങ്ങളോളം പാറക്കെട്ടുകളില്‍ തന്നെ തുടരും. പിന്നീട് ഒരിക്കല്‍ മുട്ടയുടെ പൂര്‍ണമായ ആകൃതിയില്‍ താഴേക്ക് പതിക്കും. പാറകള്‍ എങ്ങനെയാണ് മിനുസമാര്‍ന്ന വൃത്താകൃതിയില്‍ പ്രത്യക്ഷപ്പെടുന്നത് എന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. എന്നാല്‍ ഈ പ്രദേശത്ത് നടത്തിയ ഭൂമിശാസ്ത്ര പരീക്ഷണങ്ങളില്‍ ഇത് കേംബ്രിയന്‍ കാലഘട്ടത്തില്‍ രൂപം കൊണ്ടതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

പര്‍വ്വതത്തിന്റെ ഈ ഭാഗത്തിന്റെ ഘടന മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും മണ്ണൊലിപ്പിന് കൂടുതല്‍ സാധ്യതയുള്ള കല്‍ക്കറിയസ് പാറയാണ് ഇവിടെയുള്ളതെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം, പര്‍വ്വതത്തിന് സമീപത്ത് താമസിക്കുന്ന ഗുളു എന്ന ഗ്രാമവാസികള്‍ ഇത് ദിവ്യശക്തി എന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല, വര്‍ഷത്തില്‍ ഒരിക്കല്‍ അവര്‍ ഈ പര്‍വ്വതം സന്ദര്‍ശിക്കുകയും അവിടെ നിന്നുള്ള കല്ലുകള്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ കാഴ്ച കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും പഠനങ്ങള്‍ നടത്താനും ഒട്ടേറെ ആളുകളാണ് ഇവിടേക്ക് എത്താറുള്ളത്. 2009 മുതലാണ് ഇവിടം വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായത്.

Top