മനുഷ്യന്‍ നിലനില്‍പ്പ് ഭീഷണിയില്‍;ശാസ്ത്രത്തിന്റെ മുന്നറിയിപ്പുകള്‍ ശക്തമാക്കിയ ഒരു വര്‍ഷം. .

ശാസ്ത്ര ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിച്ച വര്‍ഷമാണ് 2018. ലോകം അന്തരീക്ഷ താപനിലയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഏറ്റവുമധികം ചര്‍ച്ചകള്‍ നടത്തിയതും പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതും ഇക്കൊല്ലമാണ്. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നത് സംബന്ധിച്ച് ഇന്ത്യ എടുത്തിട്ടുള്ള എല്ലാ നിലപാടുകളും പ്രശംസനീയം തന്നെയാണ്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തരീക്ഷ താപനിലയില്‍ 2 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്നതാണ് ഈ വര്‍ഷം മാനവരാശിയെ ഞെട്ടിപ്പിക്കുന്ന ഏറ്റവും വലിയ കണ്ടു പിടുത്തം. സ്‌ക്കൂളുകളിലെ പാഠ പുസ്തകങ്ങളില്‍ പഠിച്ചു മറന്ന ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകലും സമുദ്രനിരപ്പ് ഉയര്‍ന്നു വരുമെന്നുമുള്ള വസ്തുതകള്‍ തൊട്ടരികിലുണ്ടെന്ന് ഞെട്ടലോടെ മനസ്സിലാക്കിയ വര്‍ഷമാണ് 2018.

500 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നു എന്നു കരുതുന്ന കടല്‍ ജീവിയുടെ ഫോസില്‍ കണ്ടെത്തിയത് സെപ്തംബറിലാണ്. ഡിക്കിന്‍സോണിയ എന്ന ഈ ഫോസിലില്‍ നിന്ന് കൊളസ്ട്രോള്‍ വേര്‍തിരിക്കാന്‍ ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടുണ്ട്. ജീവ പരിണാമത്തിന്റെ ആദ്യ കാലങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന കണ്ടു പിടുത്തമാണിത്.

ആധുനിക ജീവലോകം ഉണ്ടായ സമയത്തിന് മുന്‍പ്, അതായത് കേംബ്രിയന്‍ സ്‌ഫോടനത്തിന് 20മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവ ജീവിച്ചിരുന്നത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ തലവേദന സൃഷ്ടിച്ച വര്‍ഷമായിരുന്നു 2018. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സമുദ്രങ്ങളടക്കമുള്ള ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം മൂന്നിരട്ടി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂട്രിനോ പരീക്ഷണങ്ങള്‍ പ്രപഞ്ചോല്‍പ്പത്തിയിലേയ്ക്ക് വെളിച്ചം വീശുന്നവയാണ്. പ്രപഞ്ചത്തിലെ ആദ്യ ന്യൂട്രിനോകളുടെ സ്വഭാവം വ്യക്തമാക്കുന്ന തെളിവ് ശാസ്ത്ര ലോകത്തിന് ലഭിച്ചത് ഈ വര്‍ഷമാണ്. വിദൂര ഗാലക്സിയില്‍ നിന്നുള്ള ചില പ്രകാശ കിരണങ്ങളെ തിരിച്ചറിയാന്‍ സാധിച്ചതാണ് ഈ പരീക്ഷണങ്ങള്‍ക്ക് കരുത്ത് നല്‍കിയിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ ഐസ് ക്യൂബ് പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

ചൊവ്വയില്‍ ജലാശയത്തിന്റെ തെളിവുകള്‍ കണ്ടെത്തിയത് 2018 ജൂലൈയിലാണ്. 20 കിലോമീറ്റര്‍ വരെ ഇതിന് വീതിയുണ്ടെന്നതാണ് ഏറ്റവും കൗതുകകരമായത്. ആഗസ്റ്റില്‍ ചന്ദ്രനിലും ഐസിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയുടെ ചാന്ദ്യായാനാണ് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്.

4,500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടണിലെ ആളുകളെല്ലാവരും തന്നെ കുടിയേറ്റക്കാരാല്‍ തുടച്ചു നീക്കപ്പെട്ടു എന്നതാണ് 2018ലെ യൂറോപ്പിനെ ഞെട്ടിച്ച ഒരു കണ്ടെത്തല്‍. ഡിഎന്‍എ പരിശോധനകളിലൂടെയായിരുന്നു ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ശാസ്ത്രലോകം നല്‍കിയത്.

ആഗോതാപനത്തിന്റെ അതി ഭീകര പ്രത്യാഘാതങ്ങള്‍ക്ക് തെളവായി ഗ്രീന്‍ലാന്റ് ഐസിലെ വിള്ളല്‍ കണ്ടെത്തിയത് ഈ വര്‍ഷമാണ്.

ആഫ്രിയ്ക്കക്ക് പുറത്ത് ജീവിച്ചിരുന്ന മിക്കവാറും ആളുകളും ഒറ്റ കുടിയേറ്റത്തില്‍ താമസ സ്ഥലം മാറ്റിയതിനുള്ള തെളിവുകള്‍ ഈ വര്‍ഷം കണ്ടെത്തി. 60,000 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്.

ചൊവ്വാ ദൗത്യത്തിന് നിര്‍ണ്ണായകമായ ഒരു വര്‍ഷമാണ് 2018. യൂറോപ്പും അമേരിക്കയും ഈ രംഗത്തെ പരീക്ഷണങ്ങള്‍ക്ക് കൈ കോര്‍ത്തതും ഇതേ വര്‍ഷമാണ്. നാസയും ഇസയും ബഹിരാകാശാ ഗവേഷണ രംഗത്ത് കരാറുകള്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പഠനങ്ങളാണ് ഇത്തവണ നടന്നത്. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഓര്‍ബ് മീഡിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കുറഞ്ഞത് 10 പ്ലാസ്റ്റിക് കണങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുപ്പിവെള്ളം പരിശോധിച്ചതില്‍ നിന്നായിരുന്നു നിര്‍ണ്ണായകമായ ഈകണ്ടെത്തല്‍. ജലാശയങ്ങളിലെ സ്ഥിതിയും മറിച്ചല്ല.

ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പുകളില്‍ മുന്‍വര്‍ഷങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരുന്നതിനാലാണ് ഇപ്പോള്‍ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളടക്കം നമ്മള്‍ നേരിടുന്നത്. സാങ്കേതികമായി മുന്നോട്ട് പോകുന്നതിനൊപ്പം നിലനില്‍പ്പിന് ഭീഷണിയാകാത്ത തരത്തില്‍ ശ്രദ്ധയോടെ ജീവിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള അവസാന ശ്രമങ്ങളില്‍ പതറരുതെന്നാണ് 2018ലെ കണ്ടു പിടുത്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top