ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം; സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലാസുകള്‍ വീണ്ടും തുടങ്ങാന്‍ കുറച്ച് കൂടി കാത്തിരിക്കേണ്ടതുണ്ടെന്നും നാടിന്റെ സാഹചര്യം അനുകൂലമാകുമ്പോള്‍ ഒട്ടും വൈകാതെ അധ്യയനും തുടങ്ങുമെന്നും പറഞ്ഞു. അത് വരെ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ മുന്നോട്ട് കൊണ്ട് പോകും. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാന പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനകീയ പങ്കാളിത്തത്തോടെയുളള വികസനത്തിന് ഏറ്റവും നല്ല മാതൃകയാണ് സ്‌കൂളുകള്‍ ഡിജിറ്റലാക്കിയതെന്നും ഉദ്യമത്തിന് തദ്ദേശ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും പിടിഎകളുടേയും വലിയ പങ്കാളിത്തമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല തകര്‍ന്നു എന്ന ആശങ്ക ഇപ്പോള്‍ ആര്‍ക്കുമില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 41 ലക്ഷം കുട്ടികള്‍ക്കായി 3,74,274 ഇലക്ട്രോണിക് ഉപകരണങ്ങളാണ് നല്‍കിയത്. 12,678 സ്‌കൂളുകള്‍ക്ക് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം, 1,19,055 ലാപ്പ് ടോപ്പുകളും, 69,944 മള്‍ട്ടി മീഡിയ പ്രൊജക്ടറുകളും, ഒരു ലക്ഷം എസ് ബി സ്പീക്കറുകളും അടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്തു.

Top