സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണനിലയിലേക്ക്, ശനി പ്രവര്‍ത്തിദിവസം

തിരുവനന്തപുരം: ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി 21 മുതല്‍ സാധാരണ നിലയിലേക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുന്‍ മാര്‍ഗരേഖ പ്രകാരമാണ് പ്രവര്‍ത്തനമെന്നും പ്രീ പ്രൈമറി,  ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവര്‍ത്തി ദിനമായിരിക്കും. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ എത്തണം. ചൊവ്വാഴ്ച ചേരുന്ന അധ്യാപക സംഘടനകളുടെ യോഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എത്ര പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്ന റിപ്പോര്‍ട്ട് അധ്യാപകര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍സ് വഴി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നല്‍ക്കണം. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എല്ലാ തിങ്കളാഴ്ചയും പൊതു വിദ്യാഭ്യാസ മന്ത്രിക്ക് ഇതു കൈമാറണം. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകാര്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ നടത്താനും തീരുമാനമായി. എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പാഠഭാഗള്‍ എത്രത്തോളം പൂര്‍ത്തീകരിച്ചുവെന്ന സംബന്ധിച്ചും ആഴ്ച്ചതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഹാജര്‍നില കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ക്ലാസ് ടീച്ചര്‍മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വരാന്‍ കഴിയാത്തവരെ കൊണ്ടുവരുന്നതിനാണ് ഊന്നല്‍ ഉണ്ടാകുമെന്നും കുട്ടികള്‍ യൂണിഫോം ധരിക്കുന്നതാക്കും ഉചിതമെന്നും മന്ത്രി പറഞ്ഞു. എല്ലായിടത്തും പിടിഎ യോഗങ്ങള്‍ ചേരണമെന്നാണ് നിര്‍ദ്ദേശമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും മാനസിക സംഘര്‍ഷം പരിഹരിക്കാന്‍ ഉതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ സ്‌കുള്‍ തലത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണം. പഠനവിടവ് പരിഹരിക്കുന്നതിനുള്ള വ്യക്തിഗത പിന്തുണ നല്‍കണം. ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഇതുസംബന്ധിച്ച് പ്രത്യേക ഊന്നല്‍ നല്‍കണം. ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണാപ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം ഉണ്ടാകുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Top