നവകേരള സദസ്സ്: എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചു

കൊച്ചി: നവകേരള സദസ് നടത്തിപ്പിനായി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഈ മാസം ഏഴാം തീയതി അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് ഏഴാം തീയതിയാണ് അവധി നല്‍കിയിരിക്കുന്നത്. എട്ടാം തീയതി എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നവ കേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ ഗതാഗത കുരുക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിക്കുന്നതെന്നുമാണ് ജില്ലാ കളക്ടറുടെ വിശദീകരണം. നഷ്ടമാകുന്ന പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടത്താനും ജില്ലാ കളക്ടര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top