സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി; വി ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്.എ.സ്.എല്‍.സിഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സുകള്‍ ജൂണ്‍ ഒന്ന് മുതല്‍ തന്നെ ഓണ്‍ലൈന്‍ വഴി ഫലപ്രദമായി നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേരിട്ടുള്ള അധ്യയനം 2021 നവംബര്‍ ഒന്നിന് ആരംഭിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും നിയമസഭയില്‍ കെഎം സച്ചിന്‍ദേവ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടിയായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കും. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല റിസോഴ്‌സ് ഗ്രൂപ്പുകള്‍ (എസ്.ആര്‍.ജി.)ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പുവരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യും. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് കുട്ടികളെ
തയ്യാറാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

10, 12 ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28-നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്താനും റിവിഷന്‍ നടത്തുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗരേഖ ‘തിരികെ സ്‌കൂളിലേയ്ക്ക്’ എന്ന പേരില്‍ നല്‍കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ അദ്ധ്യയന സാഹചര്യം
മെച്ചപ്പെട്ടതിനാലും അര്‍ഹതക്ക് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കേണ്ടതിനാലും ഫോക്കസ് ഏരിയ സംബന്ധിച്ചും പരീക്ഷ സംബന്ധിച്ചും വിദഗ്ദ്ധാഭിപ്രായം പരിഗണിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

സ്‌കൂള്‍ വൃത്തിയാക്കല്‍, അണുനശീകരണം, ഗതാഗത സംവിധാനം ഉള്‍പ്പെടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തി എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ക്ലാസ്സുകള്‍ നടത്തുന്നത്. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രഥമാധ്യാപകര്‍ മുഖേന ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കി അത് ക്രോഡീകരിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ ആഴ്ചയും നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആദിവാസി മേഖലകളിലും തീരപ്രദേശ മേഖലകളിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തി പഠന പിന്തുണ നല്‍കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. സമയബന്ധിതമായി പൊതുപരീക്ഷകള്‍ നടത്തും.
പാഠഭാഗങ്ങളുടെ ആപേക്ഷിക പ്രാധാന്യത്തില്‍ ഊന്നല്‍ നല്‍കി പുനഃക്രമീകരിച്ച ഫോക്കസ് ഏരിയ രീതി ഇത്തവണയും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലേയും ആകെ പാഠഭാഗത്തിന്റെ 60 ശതമാനം ഫോക്കസ് ഏരിയ ആയി നിശ്ചയിക്കുകയും അതില്‍ നിന്ന് 70 ശതമാനം സ്‌കോര്‍ ലഭിക്കുംവിധം ചോദ്യങ്ങളാണ് ഉണ്ടാക്കുക. ഇതിന് പുറമെ 50 ശതമാനം അധിക ചോദ്യങ്ങളും ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോക്കസ് ഏര്യയെ സംബന്ധിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അത് തള്ളി സര്‍ക്കാര്‍ നിലപാടിനെ അംഗീകരിച്ചു. കോവിഡ് സാഹചര്യത്തിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി
വിദ്യാഭ്യാസ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. അത്‌കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കോ ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

 

Top