കോവിഡ് നിയന്ത്രണവിധേയം; രാജ്യതലസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് പദ്ധതി. 6 മുതല്‍ 12 വരെ ക്ലാസുകളാണ് ആരംഭിക്കുന്നത്. 9-12 വരെ ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതലും 6-8 വരെ ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ടിനും ആരംഭിക്കാനാണ് ആലോചിക്കുന്നത്.

ഡല്‍ഹി ദുരന്ത നിവാരണ മാനേജ്മെന്റ് നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍ മുതല്‍ മുകളിലേക്കുള്ള കുട്ടികളെ ആദ്യ ഘട്ടത്തിലും പ്രൈമറി തലത്തിലുള്ള കുട്ടികളെ ഏറ്റവും ഒടുവിലും എന്ന നിലയിലായിരിക്കണം ക്ലാസുകളില്‍ എത്തിക്കേണ്ടത്.

അതോടൊപ്പം കുട്ടികളെ ഓഫ്ലൈന്‍ ക്ലാസുകളില്‍ അയയ്ക്കാന്‍ താത്പര്യമില്ലാത്ത രക്ഷിതാക്കള്‍ക്ക് അവരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാനുള്ള അവസരവും ഉണ്ടാകണമെന്നും വിദഗ്ധ സിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Top