സ്‌കൂള്‍ അധ്യയനവര്‍ഷം മെയ് വരെ നീട്ടണമെന്ന് വിദഗ്ധസമിതി

സ്‌കൂള്‍ അധ്യയനവര്‍ഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന ശുപാര്‍ശയുമായി വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.
സ്‌കൂള്‍ തുറക്കാന്‍ വൈകിയാലും പരീക്ഷ നടത്തണമെന്നാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ. അധ്യാപകര്‍ സ്‌കൂളുകളിലെത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കാന്‍ വൈകുന്നുവെങ്കിലും പാഠ്യപദ്ധതി ചുരുക്കരുത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തി മാത്രമേ അധ്യയനവര്‍ഷം പൂര്‍ത്തിയാക്കാവൂ എന്നും സമിതി നിര്‍ദ്ദേശിക്കുന്നു. സ്‌കൂള്‍ എപ്പോള്‍ തുറക്കുന്നുവോ അന്നു മുതല്‍ അധികസമയ ക്ലാസുകള്‍ ക്രമീകരിക്കുകയും ശനിയാഴ്ച ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുകയും വേണം. അധ്യയന വര്‍ഷാവസാനം മേയില്‍ ആകത്തക്കവിധം പരീക്ഷകള്‍ നടത്തണമെന്നും വിദഗ്ധസമിതി ശുപാര്‍ശ ചെയ്യുന്നു.

Top