പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ നിര്‍ദേശം നല്‍കിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലുള്ള സ്വകാര്യ സ്ഥാപനമായ ഹരിവംശ് മെമ്മോറിയല്‍ ഇന്റര്‍ കോളേജില്‍ വിദ്യാര്‍ഥികളോട് ബോര്‍ഡ് പരീക്ഷയില്‍ കോപ്പിയടിക്കാന്‍ നിര്‍ദേശം നല്‍കിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പ്രിന്‍സിപ്പല്‍ പ്രവീന്‍ മാലാണ് സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷയില്‍ കോപ്പിയടിക്കാന്‍ നിര്‍ദേശിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും യോഗം വിളിച്ചുചേര്‍ത്ത് പരസ്യമായാണ് പ്രവീണ്‍ മാല്‍ സംസാരിക്കുന്നത്. ഇത് ഒരു വിദ്യാര്‍ഥി പകര്‍ത്തുകയും വൈകാതെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ പരീക്ഷയില്‍ എങ്ങനെ അതിജീവിക്കാമെന്നാണ് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്.

‘ഞാന്‍ വെല്ലുവിളിക്കുകയാണ്. എന്റെ ഒറ്റ വിദ്യാര്‍ഥികളും പരീക്ഷയില്‍ തോല്‍ക്കില്ല. അവര്‍ ഒരുകാര്യത്തിലും ഭയക്കേണ്ടതില്ല. പരീക്ഷയെഴുതുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം യഥേഷ്ടം സംസാരിക്കാം. എന്നാല്‍, ആരുടേയും കൈ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. സര്‍ക്കാര്‍ സ്‌കൂളുകളിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ വരുന്ന ടീച്ചര്‍മാരെല്ലാം എന്റെ സുഹൃത്തുക്കളാണ്. അഥവാ നിങ്ങള്‍ പിടിക്കപ്പെടുകയോ.. മുഖത്ത് രണ്ട് അടികിട്ടുകയോ ചെയ്താല്‍ തന്നെ ഭയക്കേണ്ട.. അവരുമായി സഹകരിക്കുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുക. ഉത്തരം തെറ്റാണെങ്കില്‍ പോലും നാല് മാര്‍ക്കിന്റെ ചോദ്യത്തിന് മൂന്ന് മാര്‍ക്ക് നല്‍കുമെന്നും ഉത്തര പേപ്പറില്‍ 100രൂപ നിക്ഷേപിക്കാനും പ്രവീണ്‍ മാല്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നുണ്ട്. ജയ് ഹിന്ദ്… ജയ് ഭാരത് എന്ന് വിളിച്ചുപറഞ്ഞാണ് പ്രവീണ്‍ മാല്‍ സംസാരം അവസാനിപ്പിക്കുന്നത്. അതേസമയം ആഹ്ലാദപൂര്‍ണ്ണമായാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം യോഗത്തില്‍ പങ്കെടുത്തവര്‍ ഇതിനോട് പ്രതികരിച്ചത്.

Top