സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍; അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറിങ്ങും. ഇന്നലെ പുറത്തിറക്കാന്‍ ആലോചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ അംഗീകാരം വൈകിയതാണ് ഇന്നത്തേക്ക് മാറ്റാന്‍ കാരണം. സ്‌കൂള്‍ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. ആദ്യം നല്‍കിയ നിര്‍ദേശം മാറ്റി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നാണ് നിലവില്‍ പരിഗണിക്കുന്നത്. ശനിയാഴ്ച പ്രവര്‍ത്തി ദിവസം ആയിരിക്കും. ബാച്ച് തീരുമാനിക്കാന്‍ സ്‌കൂളുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ ഉച്ച വരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കൂ. ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം എന്നാണ് നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ രാവിലെയാണ് ക്ലാസുകള്‍ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം.

സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖ പ്രതിപാദിക്കുന്നു. ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്റര്‍വെല്‍ സ്‌കൂള്‍ ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കണം.

സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരണമെന്നും സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതാണ്. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം.

Top