‘കാശുണ്ടാക്കി’ മാനേജ്‌മെന്റുകള്‍; ഫീസടക്കാത്ത കുട്ടിയെ ബസില്‍ കയറാന്‍ അനുവദിച്ചില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ അടുത്തിടെ നടക്കുന്നത് ക്രൂരതകളുടെ കഥകളാണ്. കുട്ടികളുടെ പ്രായം പോലും കണക്കാക്കാതെയാണ് അധ്യാപകര്‍ അവരോട് പൈശാചികമായി പെരുമാറുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംഭവമാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. കുന്നത്തുകാല്‍ ശ്രിചിത്തിര തിരുനാള്‍ സ്‌കൂളില്‍ ഫീസടച്ചില്ലെന്നാരോപിച്ച് ആറാം ക്ലാസുകാരനെ സ്‌കൂള്‍ ബസില്‍ കയറ്റാതെ സ്‌കൂള്‍ അധികൃതകര്‍ പ്രതിഷേധിച്ചു. അതും പരീക്ഷ ദിനത്തില്‍.

കുട്ടിയുടെ പിതാവ് നാട്ടില്‍ ഇല്ലാത്തതിനാല്‍ ഫീസ് അടക്കുന്നതില്‍ സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ കുട്ടിയെ ബസില്‍ കയറ്റാതെ പോകുകയായിരുന്നു. പനച്ചമൂട് സ്വദേശിയായ ആറാം ക്ലാസുകാരനാണ് ഈ ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ഥിയുടെ അമ്മ സ്‌കൂള്‍ ബസിലുണ്ടായിരുന്ന ജീവനക്കാരിയോട് ഫീസടക്കാന്‍ സാവകാശം ചോദിച്ച് വിവരങ്ങള്‍ പറയുന്നുണ്ടെങ്കിലും മാനേജര്‍ ബസില്‍ കയറ്റണ്ടെന്ന നിര്‍ദേശം നല്‍കിയതായി ബസിലെ ജീവനക്കാരി പറഞ്ഞു.

അതേസമയം കുട്ടി 4 ാം ക്ലാസുമുതല്‍ ഈ വിദ്യാലയത്തില്‍ ആയിരുന്നു എന്നും ഇതുവരെ ഫീസ് മുടക്കിയിട്ടില്ലെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു. സംഭവത്തില്‍ പിതാവ് ബാലവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി. ടേം ഫീസ് അടക്കാത്തതിനാലാണ് കുട്ടിയെ ബസില്‍ കയറ്റാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

Top