സ്‌കൂള്‍ കലോത്സവം, കായികമേള, ശാസ്ത്രമേള ; തീയതി ഇന്ന‌റിയാം

Kerala School Kalolsavam 2018

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം , കായിക , ശാസ്ത്രമേളകളുടെ തിയതി ഇന്ന് തീരുമാനിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക. സ്‌കൂള്‍ സബ് ജില്ലാതല മത്സരങ്ങള്‍ ഏത് തരത്തില്‍ നടത്തണം എന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന് ആദരമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന മാനുവല്‍ പരിഷ്‌കരണ സമിതി തീരുമാനിച്ചിരുന്നു.

ആര്‍ഭാടങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കി കുട്ടികളുടെ ആഘോഷമായിട്ടാകും മത്സരങ്ങള്‍ നടത്തുകയെന്ന് മന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന മാന്വല്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ ആലപ്പുഴയില്‍ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

എല്ലാ മേളകളും ഡിസംബറില്‍ത്തന്നെ പൂര്‍ത്തിയാക്കണമെന്നും മൂന്നാംപാദ വര്‍ഷത്തില്‍ ക്ലാസുകള്‍ നഷ്ടപ്പെടാന്‍ ഇടവരുത്തരുതെന്നും മന്ത്രി നിര്‍ദേശിച്ചു. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ അവസാനം കൊല്ലത്തും നടക്കും. എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കും. എല്‍പി, യുപി വിഭാഗ മത്സരങ്ങള്‍ സ്‌കൂള്‍തലത്തില്‍ അവസാനിക്കും. മത്സര ഇനങ്ങള്‍ കുറയ്ക്കില്ല. 232 ഇനവും മത്സരത്തില്‍ ഉണ്ടാകും. കലോത്സവദിനങ്ങള്‍ ചുരുക്കി വേദികളുടെ എണ്ണം വര്‍ധിപ്പിക്കും. മത്സരം രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കും. ജില്ലാതലത്തില്‍ വിധികര്‍ത്താക്കളെ സംസ്ഥാനതലത്തില്‍നിന്ന് നേരിട്ട് നല്‍കും. ഇതോടെ ജില്ലാ മത്സരങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ വിധിനിര്‍ണയം സാധ്യമാകും. ഗ്രേസ് മാര്‍ക്കിന് നിലവിലെ മാനദണ്ഡംതന്നെ ഉപയോഗിക്കും.

Top