കൊച്ചിയിലും സമീപപഞ്ചായത്തുകളിലും ഇന്ന് സ്‌കൂളുകൾക്ക് അവധി

കൊച്ചി: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴു വരെയുള്ള ക്ലാസുകൾക്ക് ഇന്ന് എറണാകുളം ജില്ലാ കലക്ടർ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം.

വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികൾക്കും ഡേ കെയറുകൾക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് കലക്ടർ അറിയിച്ചു.

”ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൻ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും തിങ്കൾ അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല’- കലക്ടർ അറിയിച്ചു.

വിഷപ്പുകയിൽ മുങ്ങിയ കൊച്ചി നഗരത്തിൽ സർക്കാർ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ പുകമൂലം നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

പുക പടർന്ന പ്രദേശങ്ങളിലുള്ളവർ എൻ 95 മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. ശ്വാസകോശസംബന്ധമായ അസുഖം ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ എന്നിവരും കഴിവതും പുറത്തിറങ്ങരുത്. പുകമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ചികിത്സിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ 100 കിടക്കകളും തൃപ്പൂണിത്തുറയിലെ താലുക്കാശുപത്രിയിൽ 20 കിടക്കകളും എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടികൾക്കായി 10 കിടക്കകളും സ്‌മോക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസ്സം ഉണ്ടായാൽ ഉപയോഗിക്കാൻ രണ്ട് ഓക്‌സിജൻ പാർലറുകൾ ബ്രഹ്മപുരത്ത് സജ്ജമാക്കി. ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസും തയ്യാറാണ്.ആംബുലൻസിൽ ഒരേസമയം നാലുപേർക്ക് ഓക്‌സിജൻ നൽകാൻ സൗകര്യമുണ്ട്. പുക വ്യാപിച്ചതിനാൽ ബ്രഹ്മപുരത്തും സമീപവാസികൾക്കും ആരോഗ്യപ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൺട്രോൾ റൂമുകൾ ആരംഭിച്ചു. എറണാകുളം മെഡിക്കൽ കോളേജ്: 80757 74769, ഡിഎംഒ ഓഫീസ്: 0484 2360802 എന്നിവിടങ്ങളിലാണ് കൺട്രോൾ റൂമുകൾ.

Top