പാദ, അര്‍ധവാര്‍ഷിക പരീക്ഷകളിലെ മാര്‍ക്ക് പരിഗണിച്ച് പത്താംക്ലാസിലേക്ക് പ്രവേശനം

exam

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാദ, അര്‍ധവാര്‍ഷിക പരീക്ഷകളിലെ മാര്‍ക്കുകള്‍കൂടി പരിഗണിച്ച് പത്താം തരത്തിലേക്കുള്ള ക്ലാസ് കയറ്റം തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. എട്ട്, ഒമ്പത് ക്ലാസുകളില്‍ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തില്ല.

പൂര്‍ത്തിയായ പരീക്ഷയിലും പാദ, അര്‍ധവാര്‍ഷിക പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെയും ശരാശരി പരിഗണിച്ചായിരിക്കും ഒമ്പതില്‍നിന്ന് പത്തിലേക്കുള്ള ക്ലാസ് കയറ്റം തീരുമാനിക്കുക. രണ്ട് മുതല്‍ ഒമ്പതുവരെ ക്ലാസുകളിലേക്ക് എല്ലാവര്‍ക്കും കയറ്റം നല്‍കുന്നരീതിയാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക ഒത്തുചേരല്‍ സാധ്യമാകുന്നഘട്ടത്തില്‍ അവശേഷിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, എപ്പോള്‍ പരീക്ഷ നടത്തുമെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാനാകില്ല. അവശേഷിക്കുന്ന പരീക്ഷകള്‍ സാമ്പ്രദായിക രീതിയില്‍തന്നെയാണ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. പരീക്ഷകള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ മാത്രമേ ഓണ്‍ലൈന്‍ പരീക്ഷയുടെ സാധ്യത പരിശോധിക്കുകയുള്ളൂ.

സ്‌കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള വിദ്യാര്‍ഥി പ്രവേശനം സമയബന്ധിതമായി നടത്താനാകും. പൊതുവിദ്യാലയങ്ങളില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല. ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാനാകുമോ എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാകില്ല. അടുത്തവര്‍ഷത്തേക്കുള്ള എട്ടാം ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഇതിനകം ജില്ലതലത്തിലെ ഹബ്ബുകളില്‍ എത്തിയിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്.

Top