സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചര്‍ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ചർച്ചകൾ സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്. പരിഷ്കരണ പ്രവർത്തനങ്ങൾ ജനാധിപത്യ രീതിയിൽ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് ജനകീയ ചർച്ചകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ പ്രവർത്തനത്തിൻറെ കേന്ദ്രബിന്ദുവായ കുട്ടികളും ഈ പരിപാടിയുടെ ഭാഗമാകും.

രക്ഷിതാക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, വിരമിച്ച അധ്യാപകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകൾ, ക്ലബുകൾ, വായനശാലകൾ, അയൽക്കൂട്ടങ്ങൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിൻറെ നാനാതുറകളിൽപ്പെട്ടവർ ഈ ജനകീയ ചർച്ചകളുടെ ഭാഗമാകേണ്ടതുണ്ട്. കേരളത്തിന് പുറത്തുള്ളവർ ഓൺലൈൻ വഴി ചർച്ചയിൽ പങ്കെടുക്കും. ജനകീയ ചർച്ചകളിലൂടെ ഉയർന്നുവരുന്ന ആശയങ്ങൾ പരിഗണിച്ചാവും കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 രൂപീകരിക്കുക.

നാളെ വൈകുന്നേരം 3.30 ന് മന്ത്രി വി ശിവൻകുട്ടി ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേൾസ് ഹയർസെക്കൻററി സ്കൂളിൽ വച്ച് നടത്തും. ചർച്ചകളിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി അഭ്യർത്ഥിച്ചു. വിശദമായ ചർച്ചകളിലൂടെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top