സിപിഎം ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്; ഡിഡിഇക്ക് പരാതി നല്‍കി കോണ്‍ഗ്രസ്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്‌കൂൾ ബസും. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സർക്കാർ സ്‌കൂൾ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്‌കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡിഡിഇ ക്ക് പരാതി നൽകി.

രാവിലെ പേരാമ്പ്രയിലെത്തിയ ജാഥയിലേക്ക് ആളെ എത്തിക്കാനായാണ് സ്‌കൂൾ ബസ് ഉപയോഗിച്ചത്. സ്‌കൂൾ ബസ് രാഷ്ട്രീയ പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ചട്ടവിരുദ്ധമായി സ്‌കൂൾ ബസ് വിട്ടുനൽകിയ കാര്യത്തിൽ പ്രതികരിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായിട്ടില്ല.

ജാഥയ്ക്ക് സ്‌കൂൾ ബസ് വിട്ടുനൽകിയതിനെതിരെ സാമൂഹികമാധ്യമങ്ങളിലും രൂക്ഷവിമർശനം ഉയരുന്നുണ്ട്. ടസർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണോ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുക എന്ന കാര്യത്തിലുള്ള ക്യാപ്‌സ്യൂൾ അറിഞ്ഞാൽ കൊള്ളാം. തുടർഭരണം ലഭിച്ചത് കൊണ്ട് എന്ത് തോന്ന്യാസവും ആവാം എന്ന് കരുതരുത്’ – കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി സിദ്ധിഖ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

ടി സിദ്ധിഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

പേരാമ്പ്രയിൽ നടന്ന സി പി എം സമ്മേളനത്തിന് മുതുകാട് നിന്നും ആളെ കൊണ്ടുവരാൻ ഉപയോഗിച്ചത്‌ സർക്കാർ സ്കൂൾ ബസ്. ഇത്‌ കോൺഗ്രസ്‌ ചെയ്തിരുന്നുവെങ്കിൽ സിപിഎമ്മിന്റെ നിലപാടും ബഹളവും എന്തായിരിക്കും എന്ന് ഊഹിച്ചാൽ മതി ഇതിന്റെ സീരിയസ്നസ്‌ പിടി കിട്ടാൻ. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണോ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുക എന്ന കാര്യത്തിലുള്ള ക്യാപ്സ്യൂൾ അറിഞ്ഞാൽ കൊള്ളാം… തുടർഭരണം ലഭിച്ചത്‌ കൊണ്ട്‌ എന്ത്‌ തോന്ന്യാസവും ആവാം എന്ന് കരുതരുത്‌ എന്ന് പറഞ്ഞ ഗോവിന്ദൻ മാഷിന്റെ ഫോട്ടോയും വച്ചാണു സർക്കാർ സ്കൂൾ ബസ്‌ പാർട്ടി പരിപാടിക്ക്‌ ആളെ കൊണ്ട്‌ പോകാൻ ഉപയോഗിച്ചത്‌ എന്നത്‌ കൂടി ചേർത്ത്‌ വായിക്കണം.

Top