സ്‌കൂള്‍ ബസുകളുടെ നികുതി വര്‍ധിപ്പിച്ചു: വിദ്യാര്‍ത്ഥികളില്‍ നിന്ന് അധിക ഫീസ് വാങ്ങും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സ്‌കൂള്‍ ബസുകളുടെ നികുതി വര്‍ധിപ്പിച്ചതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കുമെന്ന് കേരള പ്രൈവറ്റ് മാനേജ്മെന്റ് സ്‌കൂള്‍സ് അസോസിയേഷന്‍. നികുതി വര്‍ധനവിലൂടെ ആറു കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയത് സ്വകാര്യ സ്ഥാപനങ്ങളെ തകര്‍ക്കാനാണെന്നും ആക്ഷേപമുണ്ട്. നിലവില്‍ ഒരു വിദ്യാര്‍ഥിയില്‍നിന്ന് മാസം 250 രൂപയാണ് മിനിമം ഈടാക്കുന്നത്. നികുതി കൂട്ടിയതോടെ ഈ തുകയും ഇരട്ടിയായി വര്‍ധിക്കും.

ഇരുപത് സീറ്റ് വരെയുള്ള ബസുകള്‍ക്ക് സീറ്റൊന്നിന് അമ്പത് രൂപയും ഇരുപതിനു മുകളിലേക്ക് 100 രൂപയും ത്രൈമാസകണക്കില്‍ അധിക നികുതിയും നല്‍കണം. വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നികുതി 23 വര്‍ഷത്തിനു ശേഷമാണ് വര്‍ധിപ്പിച്ചത്.

Top