സ്‌കൂള്‍ ബസ് ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചു; മാതൃകാപരമായ ശിക്ഷ നല്‍കി ആര്‍ടിഒ

പാലക്കാട്: എത്രപറഞ്ഞാലും ഈ ഡ്രൈവര്‍മാര്‍ ഇങ്ങനെ തന്നെയാണ്. ഡ്രൈവിങ് സമയത്ത് ഫോണ്‍ ഉപയോഗിക്കും. ഇവിടെ ഇതാ ഒരു ഡ്രൈവര്‍ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. അതും ഇയാള്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയാണ് ഡ്രൈവറെ കുടുക്കിയത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. സ്‌കൂളില്‍ നിന്നും വൈകിട്ട് കുട്ടികളുമായി കൂറ്റനാട് ഭാഗത്തേക്ക് പോയ ബസിന്റെ ഡ്രൈവറാണ് കുടുങ്ങിയത്. തുടര്‍ന്ന് അധികൃതര്‍ ഡ്രൈവറോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 2000 രൂപ പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും, ഒരു ദിവസത്തെ പരിശീലന ക്ലാസും ശിക്ഷയായി വിധിച്ചു. പട്ടാമ്പി ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി.

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഒരു ദിവസത്തെ സാമൂഹിക സേവനത്തിനും എടപ്പാള്‍ ഡ്രൈവിങ് പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ദിവസത്തെ ക്ലാസിനും ഡ്രൈവര്‍ ഹാജരാകണം എന്നാണ് നിര്‍ദേശം.

Top