സ്‌കൂള്‍ ബസ് ഡ്രൈവര്‍ കഞ്ചാവുമായി അറസ്റ്റില്‍; കഞ്ചാവ് പൊതികള്‍ പോലീസ് കണ്ടെടുത്തു

തിരുവനന്തപുരം: സ്‌കൂള്‍ ബസ് ഡ്രൈവര്‍ കഞ്ചാവുമായി അറസ്റ്റില്‍. തിരുവനന്തപുരം പോത്തന്‍കോട് ഗവ. യുപിഎസിലെ താല്‍ക്കാലിക ബസ് ഡ്രൈവറായ സുജന്‍കുമാറാണ് അറസ്റ്റിലായത്. വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികള്‍ പൊലീസ് കണ്ടെടുത്തു.

താല്‍ക്കാലിക സ്‌കൂള്‍ ബസ് ഡ്രൈവറായ സുജന്‍കുമാര്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിക്കാറുണ്ട്. ഓട്ടോയില്‍ കറങ്ങിയാണ് കഞ്ചാവ് വില്‍പന. കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സീറ്റിനടിയില്‍ പ്രത്യേക അറയിലാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. 500 രൂപയ്ക്കും 300 രൂപയ്ക്കും വില്‍ക്കാന്‍ കണക്കാക്കിയാണ് ഇയാള്‍ പൊതികള്‍ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top