ശക്തമായ കാറ്റില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആളപായമില്ല

നെടുങ്കണ്ടം: നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ് ശക്തമായ കാറ്റില്‍ കൊക്കയിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം ആറിന് നെടുങ്കണ്ടം തേവാരംമെട്ടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. 50 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് സ്‌കൂള്‍ ബസ് മറിയുകയായിരുന്നു. സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികളെ വീടുകളില്‍ എത്തിച്ച ശേഷം മടങ്ങി എത്തിയ ഡ്രൈവര്‍ വാഹനം വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.

കോമ്പയാര്‍ സെന്റ് തോമസ് എല്‍പി സ്‌കൂളിലെ ബസാണു മറിഞ്ഞത്. കുട്ടികള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികളെ ഇറക്കി മടങ്ങി വരുന്നതിനിടെ ബസ് നിര്‍ത്തിയ ഡ്രൈവര്‍ വിഷ്ണുവും വാഹനത്തിലുണ്ടായിരുന്ന അധ്യാപകന്‍ ജോബിന്‍ ജോര്‍ജും പുറത്തിറങ്ങി. ഇതിനിടെ ശക്തമായ കാറ്റ് വീശി. പിന്നാലെ ബസ് തനിയെ ഉരുണ്ട് കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Top