തിരുനെല്‍വേലിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് മൂന്നു കുട്ടികൾ മരിച്ചു

ചെന്നൈ:  തിരുനെല്‍വേലിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു മൂന്നു കുട്ടികൾ മരിച്ചു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ സഞ്ജയ്, വിശ്വരഞ്ജന്‍ എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ചുറ്റുമതിൽ തകര്‍ന്ന് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.  ഒരു കുട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്

എസ്എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലാണ് അത്യാഹിതമുണ്ടായത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ശുചിമുറിയുടെ പുറത്തേക്കുള്ള ചുറ്റുമതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കെട്ടിടത്തിന് സമീപത്ത് നിരവധി കുട്ടികളുണ്ടായിരുന്നു. ഈ വിദ്യാർഥികൾക്ക് പരുക്കേറ്റു.

നൂറ് വർഷം പഴക്കമുള്ള സ്കൂളിൽ 6 മുതൽ 12–ാംക്ലാസുവരെ 2,000ത്തോളം വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്. പതിവ് പോലെ രാവിലെ 9 മണിക്ക് ക്ലാസ് തുടങ്ങിയിരുന്നു. രണ്ടാമത്തെ പിരിയഡ് പി.ടി ആയതിനാൽ കുട്ടികൾ കളിക്കാന്‍ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് സ്കൂളിന്റെ ശുചിമുറിയുടെ പുറത്തേക്കുള്ള ചുമര് ഇടിഞ്ഞുവീണത്.

ഗുരുതരമായി പരുക്കേറ്റ 2 വിദ്യാർഥികൾ തിരുനെൽവേലി ഗവ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണപ്പെട്ടു. ചികിത്സയിലിരിക്കെ ഒരു വിദ്യാർഥി കൂടി മരിച്ചു. പരുക്കേറ്റ വിദ്യാർഥികൾ ചികിത്സയിലാണ്. മരിച്ച കുട്ടികളുടെ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നു. അപകടത്തെ തുടർന്ന് സ്കൂൾ അവധി പ്രഖ്യാപിച്ചു.

സംഭവം അറിഞ്ഞ് രക്ഷിതാക്കൾ സ്കൂളിൽ തമ്പടിച്ചിരിക്കുകയാണ്. കാലപ്പഴക്കമായ സ്കൂൾ കെട്ടിടം പുതുക്കിപ്പണിയാൻ നടപടികളൊന്നും സ്കൂൾ അധികൃതർ എടുത്തിട്ടില്ലെന്ന് ആരോപിച്ച് രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂളിലെ ചെടിച്ചട്ടികൾ അടക്കമുള്ളവ എറിഞ്ഞുടച്ചു. സ്‌കൂളിന്റെ ജനലുകളും വാതിലുകളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പിന്നാലെ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്കൂള്‍ പരിസരത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Top