സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഒഴിവാക്കി

exam

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിര്‍ണയത്തിന്റെയും വര്‍ക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസ് വരെയുള്ള ഓള്‍ പാസ് ഇത്തവണ ഒന്‍പതിലേക്ക് കൂടി വ്യാപിപ്പിക്കും.

കൊവിഡ് പശ്ചാത്തലത്തിലാണ് ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കുന്നത്. കുട്ടികള്‍ ഒരുമിച്ച് സ്‌കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് 30 ലക്ഷത്തോളം കുട്ടികള്‍ക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്. അതിനാല്‍ നിരന്തര മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കാനാണ് തീരുമാനം.

ഇതോടൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രോജക്ടുകളും പരിഗണിക്കും. കൂടാതെ വര്‍ക്ക് ഷീറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. സര്‍വ ശിക്ഷാ കേരള തയാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും തിരികെ വാങ്ങി വിലയിരുത്തുകയും ചെയ്യും.

Top