മണിപ്പൂരിൽ മാസങ്ങൾ നീണ്ട കലാപത്തിന് കാരണമായ കോടതിവിധി തിരുത്തി മണിപ്പുർ ഹൈക്കോടതി. മെയ്തി വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന വിധിയിലെ ഖണ്ഡികയാണ് ഇപ്പോൾ എടുത്ത് മാറ്റിയത്. 2023 മാർച്ച് 27നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്. മെയ്തികൾക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരെ കുക്കി വിഭാഗത്തിൽ നിന്നുള്ളവർ രംഗത്തെത്തിയിരുന്നു. അത് കോടതി തള്ളിയിരുന്നു. തുടർന്ന് പ്രസ്താവിച്ച വിധിയെ തുടർന്നാണ് കഴിഞ്ഞ മെയ് മാസം മണിപ്പൂരിൽ വംശീയകലാപം ആരംഭിക്കുന്നത്. നൂറുകണക്കിന് പേരുടെ ജീവനെടുത്ത കലാപം ഇപ്പോഴും തുടരുകയാണ്.
ഉത്തരവ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ മെയ്തി വിഭാഗത്തെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഖണ്ഡിക 17(iii) ആണ് ഇപ്പോൾ എടുത്ത് മാറ്റിയിരിക്കുന്നത്.
നിയമത്തെ മനസിലാക്കിയതിലുള്ള അപാകത കാരണമാണ് ഈ വിധി വന്നതെന്നും അതിനാലാണ് ഈ ഖണ്ഡിക എടുത്ത് മാറ്റുന്നതെന്നാണ് ജസ്റ്റിസ് ഗോൽമെയ് ഗൈഫുൽശില്ലു അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. റിട്ട് ഹർജി പരിഗണിക്കുന്ന സമയത്ത് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടു എന്നും നിയമത്തെ തെറ്റിദ്ധരിച്ചതിലൂടെയാണ് വിധി ഉണ്ടായതെന്നും കോടതി അഭിപ്രായപ്പെട്ടു. പട്ടികവർഗ വിഭാഗത്തിലേക്ക് ആരെയെങ്കിലും ഉൾപ്പെടുത്താനോ ഒഴിവാക്കാനോ ഉള്ള അധികാരം കോടതിക്കില്ല എന്ന് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര വേഴ്സസ് മിലിന്ദ് ആൻഡ് ഓർസ് കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണം പരിഗണിക്കാതെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത് എന്നതുകൊണ്ടുകൂടിയാണ് ഇപ്പോൾ ഖണ്ഡിക ഒഴിവാക്കിയത്.
മുമ്പത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന എം വി മുരളീധരനാണ് 2023 മാർച്ച് 27ന് വിവാദ ഉത്തരവ് പുറപ്പെടുവിക്കുന്നത്. മെയ്തി വിഭാഗത്തിന് എസ് ടി സംവരണം നൽകും എന്ന പരാമർശം വന്നതോടെയാണ് പ്രശ്നം ഗുരുതരമാവുകയും മണിപ്പുരിൽ വംശീയ കലാപം ആരംഭിക്കുകയും ചെയ്യുന്നത്. കാര്യങ്ങൾ സങ്കീർണമായപ്പോൾ സുപ്രീംകോടതി തന്നെ സ്വമേധയാ കേസിൽ ഇടപെടുകയായിരുന്നു. ശേഷം ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് മുരളീധരനെ കൽക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.
ഒക്ടോബറിൽ വിവാദ ഉത്തരവിനെതിരെ അപ്പീൽ കേൾക്കാമെന്ന് മണിപ്പൂർ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞിരുന്നു. ‘ഓൾ മണിപ്പൂർ ട്രൈബൽ യൂണിയൻ’ എന്ന സംഘടനയാണ് അപ്പീൽ നൽകിയത്. 2023ൽ പുറത്ത് വന്ന ഉത്തരവ് 34 പട്ടികവർഗ വിഭാഗങ്ങളുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നാണ അവർ വാദിച്ചത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും, രാഷ്ട്രീയമായും മുന്നോക്കം നിൽക്കുന്ന മെയ്തി വിഭാഗം പട്ടികവർഗ സംവരണത്തിന്റെ വലിയൊരു ഭാഗവും തട്ടിയെടുക്കും എന്നതായിരുന്നു കുക്കികാരുൾപ്പെടെ മറ്റ് ഗോത്രവിഭാഗങ്ങളുടെ ആശങ്ക. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോൾ കോടതി ഇങ്ങനെ ഒരു നടപടിയിലേക്ക് പോയത്.