തിരുവനന്തപുരം കോർപ്പറേഷനിൽ എസ് സി – എസ്ടി ഫണ്ട് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേർ അറസ്റ്റിലായി. എസ് സി – എസ് ടി ഫണ്ടിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. കോർപ്പറേഷനിലെ എസ് സി പ്രൊമോട്ടർ സിന്ധുവും സഹായി അജിതയും ആണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വ്യാജ ജാതി സർട്ടിഫിക്കറ്റ് വച്ച് തട്ടിപ്പിലൂടെ സിന്ധു സ്വന്തമായി ഒരു കമ്പനിയടക്കം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എസ് സി അംഗങ്ങള്‍ക്കു നൽകുന്ന സബ്സിഡി ഈ കമ്പനിയുടെ മറവിൽ തട്ടിയെടുത്തു എന്നും പൊലീസ് അറിയിച്ചു.

പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ് പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്.

തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വർഗവിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് നൽകുന്ന പണമാണ് തിരിമറി നടത്തി ഒരു സംഘം തട്ടിയെടുത്തത്. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതത്.

5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3 ലക്ഷം രൂപ നൽകുന്ന പദ്ധതിയിലാണ് തിരിമറി നടന്നത്. ഇത്തരത്തിൽ രൂപീകരിച്ച 33 ഗ്രൂപ്പുകളുടേയും പണം എത്തിയത് ഒറ്റ അക്കൗണ്ടിലേക്കാണ്. പല ഗ്രൂപ്പുകളിലും ഉള്ളത് ഒരേ അംഗങ്ങളാണ് ഒരാളുടെ പേരിൽ മാത്രം അഞ്ചിൽ അധികം ഗ്രൂപ്പുകൾ കണ്ടെത്തി. ഇങ്ങനെ രണ്ട് വർഷംകൊണ്ട് 1 കോടി 26 ലക്ഷം രൂപയാണ് എത്തിയത്.

യുഡിഎഫ് നിയന്ത്രണത്തിലുള്ള പട്ടം സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ്. ഇത്രയും പണം ഒരു അക്കൗണ്ടിലേക്ക് എത്തിയപ്പോൾ ബാങ്കും ജാഗ്രത കാട്ടിയില്ല. വാർത്താ സമ്മേളനത്തിൽ 2.26 കോടിയുടെ വെട്ടിപ്പ് എന്നായിരുന്നു മേയർ പറഞ്ഞത്. പിന്നീട് വാട്സാപ്പ് സന്ദേശത്തിലുടെ കണക്ക് ഒരു കോടി 26 ലക്ഷമെന്ന തിരുത്ത് അറിയിച്ചു.

Top