ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകം; ശബരിമലയില്‍ ‘വിശ്വാസം’ രക്ഷിക്കുമോ?

ചീഫ് ജസ്റ്റിസ് രഞ്ജന്‍ രഞ്ജന്‍ ഗൊഗോയ്, പേരിലും പ്രവൃത്തിയിലും കണിശക്കാരന്‍. അതുകൊണ്ട് തന്നെ പലവിധ എതിര്‍പ്പുകളും അദ്ദേഹത്തിന് നേരിടേണ്ടി വരുന്നുണ്ട്. വര്‍ഷങ്ങളായി വിധി പറയാന്‍ ബാക്കിവെച്ച അയോധ്യ കേസില്‍ അന്തിമവിധി കല്‍പ്പിച്ച ജസ്റ്റിസ് ഗൊഗോയ് ഇനിയുള്ള മൂന്ന് ദിവസങ്ങളില്‍ കൂടുതല്‍ സുപ്രധാനമായ വിധികള്‍ കൂടി കല്‍പ്പിക്കും.

നവംബര്‍ 17ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രഞ്ജന്‍ ഗൊഗോയി സ്ഥാനമൊഴിയും. ഇതിന് മുന്‍പായി സുപ്രീംകോടതിക്ക് മുന്നിലുള്ളത് മൂന്ന് പ്രവൃത്തിദിനങ്ങളും. ഈ ദിവസങ്ങള്‍ക്കകം ശബരിമല പുനഃപ്പരിശോധനാ ഹര്‍ജിയിലും, റഫാല്‍ പുനഃപ്പരിശോധന ഹര്‍ജിയും ഉള്‍പ്പെടെയുള്ള പരാതികളില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കും.

കഴിഞ്ഞ സെപ്റ്റംബറിലാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ വിധി പുറപ്പെടുവിച്ച് രാജ്യത്ത് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. ആചാരങ്ങള്‍ സ്ത്രീകളെ അകറ്റുന്നത് സമത്വത്തിന് എതിരാണെന്ന് കോടതി പറഞ്ഞപ്പോള്‍ ബെഞ്ചിലെ വനിതാ ജഡ്ജ് ഇന്ദു മല്‍ഹോത്ര വിധിയില്‍ തന്റെ എതിര്‍പ്പ് രേഖപ്പെടുത്തി.

ജസ്റ്റിസ് മല്‍ഹോത്ര ഉള്‍പ്പെടുന്ന ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ശബരിമല വിധിക്കെതിരെ സമര്‍പ്പിച്ച 48 പുനഃപ്പരിശോധന ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കും. അയോധ്യ വിധിയില്‍ വിശ്വാസപ്രമാണങ്ങള്‍ ആധാരമാക്കിയ കോടതി ശബരിമലയില്‍ ഈ നിലപാട് ആവര്‍ത്തിക്കുമോയെന്നാണ് ഭക്തര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രി കാര്യാലയം ഇടപെട്ടെന്ന ആരോപണത്തില്‍ ഇടപെടില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് പുനഃപ്പരിശോധനാ ഹര്‍ജികളുള്ളത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി സമ്മതിച്ചെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കോടതിലക്ഷ്യ നടപടികള്‍ വന്നിരുന്നു. സംഭവത്തില്‍ രാഹുല്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമവിധി എത്തിയിട്ടില്ല.

Top