ആധാറില്‍ ഇടക്കാലാശ്വാസം; ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് അഞ്ചംഗ ഭരണഘടനാബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

മൊബൈല്‍, ബാങ്ക് അക്കൗണ്ട്‌, പാന്‍ കാര്‍ഡ് എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാണ്.

മൊബൈലിന് അനുവദിച്ചിരുന്നത് ഫെബ്രുവരി ആറ് വരെ മാത്രമായിരുന്നു. ബാങ്ക് അക്കൗണ്ട്‌ തുറക്കാന്‍ ആധാര്‍ നമ്പര്‍ മതിയാകും.

ആധാർ നമ്പറും പാൻ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ, പാൻ നമ്പരുകൾ ലഭ്യമാക്കണമെന്നുമാണു സർക്കാർ അറിയിച്ചത്.

ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബര്‍ 31ആയിരുന്നു.

2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടില്‍ വരുത്തിയ ഭേദഗതിയിലൂടെയായിരുന്നു സര്‍ക്കാര്‍ തീരുമാനം.

കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കിയത്. വിവിധ സാമ്പത്തിക ഇടപാടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയതിയില്‍ ഭേദഗതി വരുത്തുകയായിരുന്നു.

Top