മാറുമോ വിധി; ശബരിമല വിധി പറഞ്ഞ ബഞ്ചില്‍ ആകെ മാറ്റം ചീഫ് ജസ്റ്റിസ് മാത്രം

ഴിഞ്ഞ സെപ്റ്റംബറിലാണ് ശബരിമലയിലെ ആചാരങ്ങളെ തിരുത്തിക്കുറിക്കാന്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് ആ വിധി പുറപ്പെടുവിച്ചത്. പ്രായഭേദമെന്യെ എല്ലാ സ്ത്രീകള്‍ക്കും ശബരിമല കയറാനുള്ള അനുമതിയാണ് പരമോന്നത കോടതി അന്ന് വിധിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് 40 ദിനം നീളുന്ന മണ്ഡലക്കാലത്ത് സ്ത്രീകള്‍ക്കും ശബരിമല സന്നിധാനത്തേക്ക് പ്രവേശനം നല്‍കിയ വിധി പ്രസ്താവിച്ചത്.

വിധിക്കെതിരെ 48 പുനഃപ്പരിശോധന ഹര്‍ജികളാണ് വീണ്ടുമൊരു മണ്ഡലമാസം മുന്നിലെത്തുമ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളില്‍ വിധി പ്രസ്താവിക്കാന്‍ കോടതി ഒരുങ്ങുമ്പോള്‍ ഭരണഘടനാ ബഞ്ചില്‍ ആകെയുള്ളത് ഒരേയൊരു മാറ്റം മാത്രം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മാത്രമാണ് ആ മാറ്റം. നരിമാന്‍, ഖാന്‍വില്‍കര്‍, ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുതിയ വിധി പ്രസ്താവിക്കാന്‍ ഒരുങ്ങുന്നത്.

ബഞ്ചില്ലെ ഏക വനിതാ ജസ്റ്റിസായ ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശനവിഷയത്തില്‍ എതിര്‍ അഭിപ്രായം രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. വിശ്വാസങ്ങളില്‍ ജുഡീഷ്യറി സ്വന്തം മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് എന്ന ശക്തമായ എതിര്‍ അഭിപ്രായം മല്‍ഹോത്ര കഴിഞ്ഞ വിധിയില്‍ രേഖപ്പെടുത്തിയിരുന്നു. ഇക്കുറി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ ബഞ്ച് വിധി പറയുമ്പോള്‍ എന്ത് മാറ്റം ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നവംബര്‍ 16ന് മണ്ഡലമാസം ആരംഭിക്കാന്‍ ഇരിക്കവെ സംസ്ഥാന സര്‍ക്കാരിന് വിധി സുപ്രധാനമാണ്. കഴിഞ്ഞ വിധി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ച ഇടത് സര്‍ക്കാരിന് വിഷയത്തില്‍ ഏറെ പഴിയും കേള്‍ക്കേണ്ടിവന്നു. ശബരിമലയില്‍ തിടുക്കം പിടിച്ച് നടപടികള്‍ ഏറ്റെടുത്ത സര്‍ക്കാരിന് പള്ളിത്തര്‍ക്കം ഉള്‍പ്പെടെ വിഷയങ്ങളില്‍ സമയം വൈകിക്കുന്നതില്‍ പ്രശ്‌നമുണ്ടായില്ലെന്നതും ചര്‍ച്ചയായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടിക്ക് ശബരിമല വലിയ ക്ഷീണം ചെയ്യുകയും ചെയ്തതോടെ വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന് സമ്മതിച്ചിരുന്നു. ഇതിന് ശേഷം ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചുവരാനും ഇടത് കക്ഷികള്‍ക്ക് സാധിച്ചു. ഈ അവസരത്തില്‍ സുപ്രീംകോടതി വിധിയോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും സുപ്രധാനമാണ്.

Top