സ്വകാര്യ സ്‌കൂളുകളിലെ സുരക്ഷ ചട്ടങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ സുരക്ഷ ചട്ടങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം.

ഗുഡ്ഗാവ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതിയുടെ നിര്‍ദേശം.

കേസില്‍ സി.ബി.ഐയുടേയോ പ്രത്യേക സംഘത്തിന്റെയോ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പ്രഥ്യുമ്‌നന്‍ താക്കൂറിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സ്വമേധയാ ഈ നിര്‍ദേശം നല്‍കിയത്.

ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോടും ഹരിയാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കുള്ള മാര്‍ഗരേഖകള്‍ പാലിക്കാറില്ലെന്ന് അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടുകയോ സ്വയം പരിശോധിക്കാന്‍ തയ്യാറാവുകയോ വേണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് പരിഗണിച്ച കോടതി റയാന്‍ സ്‌കുളിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ സ്വകാര്യ സ്‌കൂളുകളിലെയും സുരക്ഷാ ചട്ടങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

Top