ഹിജാബ് നിരോധനം; ഹർജികൾ മൂന്നംഗ ബെഞ്ചിന്

ഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിന് എതിരായ കേസില്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. കേസ് എന്നു പരിഗണിക്കും എന്നതില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

ഹിജാബ് കേസ് സീനിയര്‍ അഭിഭാഷക മീനാക്ഷി അറോറ മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഫെബ്രുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുകയാണെന്നും കേസ് ഉടന്‍ പരിഗണിച്ച് ഇടക്കാല വിധി പുറപ്പെടുവിച്ചാല്‍ പെണ്‍കുട്ടികള്‍ക്കു സഹായകമാവുമെന്നും മീനാക്ഷി അറോറ അറിയിച്ചു.

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലില്‍ സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. അപ്പീലുകള്‍ തള്ളിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നു വിധിച്ചപ്പോള്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നാണ് ജസ്റ്റിസ് സുധാംശു ധുലിയ വിധിച്ചത്.

Top