നിര്‍ഭയ കേസ്; പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളില്‍ രണ്ട് പേര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരാണ് വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഉച്ചക്ക് 1.45ന് ജസ്റ്റിസ് എന്‍.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22-ന് തൂക്കിലേറ്റുന്നതിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെയാണ് തൂക്കിലേറ്റാന്‍ പോകുന്നത്. 22-ന് രാവിലെ ഏഴ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top