പൗരത്വ ബില്ലിനെതിരായ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതിയില്‍? ആശങ്കയില്‍ മുസ്ലീം ലീഗ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. ക്രിസ്മസ് അവധി വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ അവസാന പ്രവര്‍ത്തി ദിവസം പരിഗണിക്കാനുള്ളവയായി ലിസ്റ്റ് ചെയ്ത കേസുകളുടെ കൂട്ടത്തില്‍ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജിയുമുണ്ട്. എന്നാല്‍ പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.ചീഫ് ജസ്റ്റിസിന്റെ അനുമതിയോട് കൂടിയാണ് മുസ്ലിം ലീഗിന്റെ ഹര്‍ജി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുസ്ലീം ലീഗിന് വേണ്ടി കോണ്‍ഗ്രസ് നേതാവും സീനിയര്‍ അഭിഭാഷകനുമായ കപില്‍ സിബല്‍ ഹാജാരായേക്കുമെന്നാണ് സൂചന. ലീഗിന്റെ ഹര്‍ജിക്കൊപ്പം പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു ഡസനോളം മറ്റു ഹര്‍ജികളും പരിഗണിക്കുമെന്നാണ് നിലവിലെ സൂചന.

ലീഗിനെ കൂടാതെ കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും പൗരത്വനിയമഭേദഗതി ബില്ലിനെതിരെ ഹര്‍ജി നല്‍കിയിരുന്നു.

പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് ബില്‍ സുപ്രീംകോടതിയിലേക്ക് എത്തുന്നത്.

Top