കേരളത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബിജെപി തന്ത്രങ്ങള്‍. .

തിരുവനന്തപുരം: കേരളത്തില്‍ പട്ടികജാതി വോട്ട് ബാങ്കിനായി ബിജെപി പുതിയ തന്ത്രം ആവിഷ്‌ക്കരിക്കുന്നു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ്, ബിജെപിയുമായി അടുത്ത സാഹചര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തെക്കൂടി കൂടെ കൂട്ടിയാല്‍ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍ .

ദിവാസി സമരനായിക സി.കെ ജാനു എന്‍.ഡി.എ വിട്ട് പോയ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയെ സംബന്ധിച്ചടുത്തോളം പട്ടികജാതി മോര്‍ച്ചയുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ്. സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പി.സുധീര്‍ ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സംഘാടകനായി മാറിയ സുധീര്‍ മുന്‍കൈ എടുത്ത് പട്ടികജാതി-പട്ടികവര്‍ഗ സംഘടനകളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കുകയും ചെയ്തു. എന്നാല്‍ നിലവില്‍ സവര്‍ണ്ണ നിലപാടുകള്‍ സ്വീകരിക്കുന്നെന്ന ആക്ഷേപമാണ് ബിജെപിക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ ഇത് മറികടന്ന് മുന്നേറാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്.

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിലെ പ്രോസിക്യൂട്ടര്‍ നിയമനത്തിലെ സര്‍ക്കാര്‍ നിലപാടിനെ ബിജെപി നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ദേശീയ തലത്തില്‍ അറിയപെടുന്ന പട്ടികജാതി-പട്ടികവര്‍ഗ നേതാക്കളെ കേരളത്തിലെത്തിച്ച് വലിയ പരിപാടികള്‍ സംഘടിപ്പിക്കും. ഒപ്പം തന്നെ ദളിത് വോട്ട് ബാങ്ക് സ്വാധീനിക്കുന്നതിന് കഴിയുന്ന എന്‍ഡിഎ ഘടകകക്ഷികളുടെ പ്രവര്‍ത്തനവും കേരളത്തിലേക്കെത്തിക്കും. കേന്ദ്ര മന്ത്രി രാംദാസ് അത്‌വാല നേതൃത്വം നല്‍കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അവരുടെ പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇങ്ങനെ പല വിധത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ മേഖലകളില്‍ സ്വാധീനമുറപ്പിക്കുന്നതിനാണ് ബിജെപി ശ്രമം. ബിഡിജെഎസിന്റെ ഭാഗമായി നില്‍ക്കുന്ന ഒരു വിഭാഗം കെ.പി.എം.എസ് നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിന് ബിജെപിക്ക് ശക്തി പകരുന്നുണ്ട്.

പട്ടികജാതി-പട്ടിക വര്‍ഗക്കാരെ സംഘടിപ്പിക്കുന്നതിനായി പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ട ബിജെപി അടുത്ത ഘട്ടമായി വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരി നെതിരെ പ്രതിഷേധം സംഘടിപ്പിക്കും. ഇതിനൊപ്പം തന്നെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. പട്ടികവര്‍ഗക്കാര്‍ മുതല്‍ സവര്‍ണ്ണ സമുദായങ്ങള്‍ വരെയുള്ളവരുടെ പിന്തുണ നേടിയാല്‍ അത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അംഗീകാരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട: കെ.ബി ശ്യാമപ്രസാദ്‌

Top