കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ആരെയും അനുവദിക്കരുത്. അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകള്‍ പണം പിരിക്കുന്നത് തടയണമെന്നും കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

അനാഥരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളില്‍ പഠനം തുടരാന്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറു മാസം തുടര്‍ന്നും അവിടെ പഠിക്കാന്‍ അവസരം ഒരുക്കണം. ഇതിന് ഇടയില്‍ സര്‍ക്കാര്‍ ഇടപെട്ട് വിദ്യാഭ്യാസം തുടരുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. രക്ഷിതാക്കളില്‍ ഒരാള്‍ മരിച്ച കുട്ടികള്‍ക്കും വിദ്യാഭ്യാസ സൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

അനാഥരായ കുട്ടികളെ സഹായിക്കാനെന്ന് അവകാശപ്പെട്ട് പല സന്നദ്ധ സംഘടനകളും പണം പിരിക്കുന്നതായി ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തരം കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പുകളും, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

അനാഥരാകുന്ന കുട്ടികളെ കണ്ടെത്തി സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടത്തണമെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിലെ സഹായം കുട്ടികള്‍ക്ക് വേഗത്തില്‍ ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

Top