SC says Parliament may consider harsher punishment for child rape convicts

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ ശിക്ഷാരീതി തീരുമാനിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ഇതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണ്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് നിലവില്‍ നിയമമുണ്ട്. ശിക്ഷാ രീതിയില്‍ ഭേദഗതി വരുത്താന്‍ കോടതിക്കു കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗീക ശേഷി ഇല്ലാത്താക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. ഇരകളുടെ പ്രായം സംബന്ധിച്ച് നിയമത്തില്‍ വ്യക്തത വേണമെന്നും കോടതി നിര്‍ദേശിച്ചു.

കുറ്റക്കാര്‍ക്കു കര്‍ശനമായ ശിക്ഷ നല്‍കുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് കൂടിയാലോചിക്കണം. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹ്ത്തഗിക്കു സുപ്രീം കോടതി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കെതിരെ ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.

നിലവിലെ നിയമങ്ങള്‍ പരാജയമാണെങ്കില്‍ കുട്ടികള്‍ക്കെതിരെ ക്രൂരമായ പീഡനങ്ങള്‍ നടത്തുന്നവരുടെ ജനനേന്ദ്രിയം ഉടയ്ക്കാന്‍ ഉത്തരവിട്ടുകൂടെയെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. കുട്ടികള്‍ക്കെതിരെ കൂട്ടമാനഭംഗം അടക്കമുള്ളവ നടക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഇത്തരം നടപടികളെടുക്കാം. ജനനേന്ദ്രിയം ഉടയ്ക്കുന്ന പോലുള്ള ശിക്ഷകള്‍ വളരെ ക്രൂരമായി തോന്നാം. എന്നാല്‍ ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ ഇതുപോലുള്ള ശിക്ഷകള്‍ തന്നെ നല്‍കണമെന്നും ജഡ്ജി എന്‍.കിരുബാകാരന്‍ പറഞ്ഞിരുന്നു.

Top