ബലാത്സംഗ ഇരകള്‍ക്കുള്ള ധനസഹായം കുറവ്: മധ്യപ്രദേശിന് സുപ്രീംകോടതി വിമര്‍ശനം

gang rape

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരകളാകുന്നവര്‍ക്ക് നല്‍കുന്ന ധനസഹായത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പരമാവധി 6,500 രൂപയാണ് സഹായം നല്‍കുന്നതെന്നും ധനസഹായം നല്‍കുന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും കോടതി പറഞ്ഞു.

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ഭയ ഫണ്ട് ഏറ്റവും കൂടുതല്‍ കൈപ്പറ്റുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഏറ്റവും കുറഞ്ഞ തുകയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ആറ് ഹര്‍ജികളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും നിര്‍ഭയ ഫണ്ട് വിനിയോഗം സംബന്ധിച്ചും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറായിട്ടില്ല. ഈ സംസ്ഥാനങ്ങളെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് നാല് ആഴ്ച കൂടി കോടതി സമയം അനുവദിച്ചു.

Top