അരുണ്‍ ഗോയലിന്റെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതി 

ഡൽഹി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിക്കാനുള്ള കേന്ദ്ര തീരുമാനം മിന്നൽ വേഗത്തിൽ ആയിരുന്നെന്ന് സുപ്രീം കോടതി. ധൃതിപിടിച്ചാണ് കേന്ദ്ര സർക്കാർ ഗോയലിന്റെ ഫയൽ ക്ലിയർ ചെയ്തതെന്ന് കോടതി വിമർശിച്ചു.

കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് അരുൺ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ചു. എന്തു തരത്തിലുള്ള വിലയിരുത്തലാണ് ഇതെന്നായിരുന്നു, ഫയൽ പരിശോധിച്ച ശേഷം ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന്റെ പ്രതികരണം. ”അരുൺ ഗോയലിന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അതു വിലയിരുത്തിയ പ്രക്രിയ പരിശോധിക്കേണ്ടതാണ്”- കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മിഷണർ നിയമനത്തിൽ വസ്തുതകൾ സമഗ്രമായി പരിശോധിക്കണമെന്ന് അറ്റോർണി ജനറൽ ആർ വെങ്കടരമണി ആവശ്യപ്പെട്ടു. അതുവരെ കമന്റുകൾ പാസാക്കരുതെന്നും അറ്റോർണി ജനറൽ അഭ്യർഥിച്ചു.

ഒറ്റ ദിവസം കൊണ്ടാണ് ഗോയലിന്റെ സ്വയം വിരമിക്കൽ, ഒറ്റ ദിവസം കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പേര് നിയമ മന്ത്രാലയം അംഗീകരിച്ചത്, നാലു പേരുടെ പാനൽ പ്രധാനമന്ത്രിക്കു സമർപ്പിക്കുകയും ഇരുപത്തിനാലു മണിക്കൂറിനകം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു- കോടതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പു കമ്മിഷണർമാരെയും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെയും നിയമിക്കുന്നതിന് കോളജീയം മാതൃകയിൽ സംവിധാനം വേണമെന്ന ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

Top