ഐഎസ്ആർഒ ഗൂഢാലോചന കേസ്: : സിബി മാത്യൂസിന് തിരിച്ചടി, മുൻകൂർ ജാമ്യം റദ്ദാക്കി

ഡൽഹി: ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ അഞ്ചു പേരുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

സിബി മാത്യൂസ്, മുൻ ഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാർ, കേരള പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയൻ, തമ്പി ദുർഗാദത്ത്, ഇന്റലിജൻസ് ഓഫിസർ ആയിരുന്ന പിഎസ് ജയപ്രകാശ് എന്നിവർക്കു മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ഹർജികൾ തിരികെ ഹൈക്കോടതിയിലേക്കു വിടുന്നതായും നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവർ നിർദേശിച്ചു.

കേസിൽ ഇരുകക്ഷികളുടെയും വാദങ്ങൾ സംബന്ധിച്ച് അഭിപ്രായമൊന്നും പറയുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഹർജികൾ മെറിറ്റിൽ കേട്ട് ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.  മുൻകൂർ ജാമ്യ ഹർജികളിൽ തീരുമാനമെടുക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

Top