പട്ടിണി അകറ്റാന്‍ സാമൂഹിക അടുക്കള; എന്താണ് ഉദ്ദേശമെന്തെന്ന് മനസ്സിലാകുന്നില്ലെന്ന് കേന്ദ്രത്തോട് കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പട്ടിണി അകറ്റാന്‍ സാമൂഹിക അടുക്കളകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്ത് പദ്ധതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.

സാമൂഹിക അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് 3 ആഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. അതാത് സാമൂഹിക അടുക്കളകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ രേഖപ്പെടുത്തുക മാത്രമാണ് കേന്ദ്രം ചെയ്തത്. ആരും പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ ഭരണഘടനാപരമായ കടമ ഒരു ക്ഷേമരാഷ്ട്രത്തിന് ഉണ്ട്. കമ്മ്യൂണിറ്റി കിച്ചണുകളുടെ കാര്യത്തില്‍ നയം രൂപീകരിക്കാനുള്ള അവസാന അവസരമാണിതെന്നും സുപ്രീംകോടതി പറഞ്ഞു.

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുഭരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു.

Top