ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ച് കൊന്ന പ്രതികളെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി. സുപ്രീം കോടതി മുന്‍ ജഡ്ജി വി.എസ് സിര്‍പൂര്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ അന്വേഷണ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്.

ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. മുന്‍ സിബിഐ ഡയറക്ടര്‍ ഡി.ആര്‍ കാര്‍ത്തികേയന്‍, ബോംബെ ഹൈക്കോടതി ജഡ്ജി രേഖ പ്രകാശ് ബാല്‍ദോത്ത എന്നിവരാണ് സമിതിയിലെ മറ്റ് രണ്ട് അംഗങ്ങള്‍.

സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഉണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ദിശ കൊലപാതകക്കേസ് പ്രതികളായ നാല് പേര്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം. പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് തെളിവെടുപ്പിനിടെ പൊലീസ് വെടിവെച്ച് കൊന്നത്.

ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

Top