അണ്ണാ ഡി.എം.കെയുടെ ചിഹ്നമായ ‘രണ്ടില’യുടെ അവകാശം ആര്‍ക്കാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഏപ്രില്‍ അവസാനത്തിനകം പരിഹരിക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’യുടെ അവകാശം ആര്‍ക്കാണെന്ന് വ്യക്തമാക്കാനാണ് ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര, എ.എം.ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇരു വിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ രണ്ടംഗ ജഡ്ജിമാരടങ്ങുന്ന സമിതിയെ നിയോഗിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സമിതി യോഗം ചേര്‍ന്ന് ഏപ്രില്‍ അവസാനത്തിനകം തര്‍ക്കംപരിഹരിച്ച് അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും കോടതി അറിയിച്ചു.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ആര്‍.കെ നഗറില്‍ മത്സരിച്ച് ജയിച്ച ദിനകരന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഷര്‍ കുക്കര്‍ ചിഹ്നമാണ് അനുവദിച്ചത്.

ജയലളിത മരിച്ചതോടെയാണ് അണ്ണാ ഡി.എം.കെയില്‍ തര്‍ക്കങ്ങള്‍ രൂപപ്പെട്ടത്. ജയലളിതയുടെ തോഴി ശശികലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി ഒ.പനീര്‍ശെല്‍വത്തെ രാജിവയ്പിച്ചെങ്കിലും ശശികല ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയതോടെ പനീര്‍സെല്‍വം- പളനിസാമി പക്ഷങ്ങള്‍ ഒന്നിച്ചു. തുടര്‍ന്നാണ് ദിനകരന്‍ പാര്‍ട്ടിയുടെ രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയത്.

Top