ഫറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കല്‍: കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി പ്രതികരണം ആരാഞ്ഞു

ന്യൂഡല്‍ഹി:പൊതു സുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറുഖ് അബ്ദുള്ളയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം ഡി എം കെ നേതാവ് വൈകോ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തിനോടും സുപ്രീം കോടതി പ്രതികരണം ആരാഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിക്രമങ്ങളോട് അനുബന്ധിച്ചാണ് ഫറൂഖ് അബ്ദുള്ളയെ കേന്ദ്രം കഴിഞ്ഞമാസം വീട്ടുതടങ്കലിലാക്കിയത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ മുപ്പതിലേക്ക് മാറ്റി.

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈക്കോയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.

അതേസമയം വൈകോയുടെ ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. വൈക്കോ, ഫറൂഖ് അബ്ദുള്ളയുടെ ബന്ധുവല്ലെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നുള്ള വൈക്കോയുടെ ആവശ്യം നിയമത്തിന്റെ ദുരുപയോഗമാണെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

Top