SC: Is AFSPA in Manipur eternal?

ന്യൂഡല്‍ഹി: മണിപ്പൂരില്‍ എത്രകാലത്തേയ്ക്ക് സൈന്യത്തിന് പ്രത്യേക അധികാരം കൊടുത്ത് നിലവിലത്തെ സ്ഥിതി തുടരേണ്ടി വരുമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി. അഫ്‌സ്പ നിയമം 35 വര്‍ഷമായി മണിപ്പൂരില്‍ തുടരുകയാണെന്നും ഇത്രയും നാള്‍ സൈന്യത്തിന് പ്രത്യേകാധികാരം കൊടുത്ത് സംസ്ഥാനത്ത് വിന്യസിച്ചിട്ടും നിയമവ്യവസ്ഥിതി കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലേയെന്നും കോടതി ആരാഞ്ഞു.

സൈന്യത്തിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് 30 വര്‍ഷത്തിനിടയില്‍ നടത്തിയ 1500 കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ഉന്നത അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. അഫ്‌സ്പ നിലനില്‍ക്കുന്നതിനാല്‍ 1500 കൊലപാതകങ്ങള്‍ സംബന്ധിച്ചുള്ള എഫ്‌ഐആര്‍ പോലും പൊലീസ് ഫയല്‍ ചെയ്തിരുന്നില്ല മണിപ്പൂരില്‍.

1980 സെപ്തംബര്‍ എട്ടിനാണ് മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കി കൊണ്ടുള്ള അഫ്‌സ്പ പ്രാബല്യത്തില്‍ വന്നത്. 4 സായുധ കലാപത്തിനൊരുങ്ങുന്ന സംഘടനകളുടെ പ്രവര്‍ത്തനമാണ് കരിനിയമം കൊണ്ടുവരുന്നതിന് കാരണമായത്.

കൊല, കൊള്ള, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി സമാധാന അന്തരീക്ഷം നഷ്ടമായപ്പോഴാണ് അഫ്‌സ്പ കൊണ്ടുവന്നത്. വിചാരണയില്ലാതെ ആളുകളെ കൊല്ലുന്ന സൈന്യത്തിന്റെ കരിനിയമവാഴ്ചയ്‌ക്കെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ രൂപീകരിച്ച സന്നദ്ധസംഘടനയാണ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മണിപ്പൂര്‍ മുന്‍ ആരോഗ്യ ഡയറക്ടര്‍ ടി.എച്ച് സുരേഷ് സിംഗും അഫ്‌സ്പ പിന്‍വലിക്കാണമെന്ന് ആവശ്യപ്പെട്ട് പരമോന്നത നീതി പീഠത്തിന് മുന്നിലെത്തി.

മണിപ്പൂരില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനും ശേഷം പരാതികള്‍ പരിശോധിച്ച ജസ്റ്റിസ് മദന്‍ ബി ലോകൂറും യു.യു ലളിതും മണിപ്പൂര്‍ സര്‍ക്കാരിനോട് നിയമം ശാശ്വതമാണോയെന്ന് ചോദിച്ചു. താല്‍ക്കാലിക പരിഹാര മാര്‍ഗം എന്ന നിലയില്‍ കൊണ്ടുവന്ന നിയമം എന്ത് കൊണ്ടാണ് മൂന്നര ദശകങ്ങളായി പിന്തുടരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് കോണ്‍ഗ്രസ് നയിക്കുന്ന ഇബോബി സിംഗിന്റെ മണിപ്പൂര്‍ സര്‍ക്കാരിന്റെ മറുപടി ഇങ്ങനെയായിരുന്നു.’ സംസ്ഥാനത്തെ അരക്ഷിതാവസ്ഥ തുടരുകയാണെന്നും നാല് സായുധ കലാപ സംഘമെന്നത് 35 വര്‍ഷം കൊണ്ട് ഒരു ഡസനിലധികമായി ഉയര്‍ന്നു’

സംസ്ഥാനത്ത് അരക്ഷിതാവസ്ഥ എന്ന കാരണം പറഞ്ഞാണ് 35 വര്‍ഷം മുമ്പ് അഫ്‌സ്പ പ്രാബല്യത്തില്‍ കൊണ്ടു വന്നതെന്നും മൂന്ന് ദശകങ്ങള്‍ക്കിപ്പുറവും സൈന്യത്തിന് സമാധാനം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, സായുധ സംഘങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തതെങ്കില്‍ സൈനിക വിന്യാസം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് സുപ്രീംകോടതി ബഞ്ച് മറുചോദ്യം ഉന്നയിച്ചു.

സൈന്യം നടത്തിയ എല്ലാ കൊലപാതകങ്ങളും ഒരു പോലെയല്ലെന്നും ചിലത് വിചിത്രവും ഞെട്ടിക്കുന്നതുമാണ് എന്ന് പറഞ്ഞ കോടതി പൊലീസ് എഫ്‌ഐആറുകള്‍ രജിസ്ടര്‍ ചെയ്യാത്ത അവസ്ഥയും സംഭ്രമജനകമാണെന്ന് കൂട്ടിച്ചേര്‍ത്തു. സൈന്യത്തിന്റെ പ്രത്യേകാധികാരവും സംരക്ഷണവും സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അഫ്‌സ്പ പ്രത്യേകാധികാരം എടുത്തുകളായാന്‍ ആവശ്യപ്പെട്ട് പതിറ്റാണ്ടായി മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മ്മിള നിരാഹാര സമരം നടത്തി വരികയാണ്.

Top