നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; യുഎപിഎ കേസെടുക്കാം

ഡൽഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. 2011ലെ വിധി തിരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.

അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാതെ, നിരോധിത സംഘടനകളിൽ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി. രണ്ടംഗ ബെഞ്ചിന്റെ ഈ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ 10 എ (1) വകുപ്പ് ബെഞ്ച് ശരിവച്ചു.

ഉൾഫയിൽ അംഗമായിരുന്ന ആൾക്കെതിരെ ടാഡ പ്രകാരം എടുത്ത കേസിലെ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞുകൊണ്ടാണ്, 2011ൽ ജസ്റ്റിസുമാരായ മാർക്കണ്ഡേ കട്ജുവും ജ്ഞാൻ സുധാ മിശ്രയും വിധി പറഞ്ഞത്. അക്രമ പ്രവർത്തനങ്ങളിൽര ഏർപ്പെടുകയോ ആളുകളെ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാന നില തകർക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം, നിരോധിത സംഘടനയിൽ അംഗമായിരുന്നു എന്നതു കൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാവുന്നില്ലെന്നായിരുന്നു വിധി. കേന്ദ്ര സർക്കാരിന്റെ വാദം കേൾക്കാതെയാണ് വിധിയെന്നു ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഹർജി 2014ൽ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഇതിലാണ് ഇപ്പോഴത്തെ ഉത്തരവ്.

Top