ബാബരി മസ്ജിദ് തകര്‍ക്കല്‍; വാദം ആഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കണമെന്ന് കോടതി

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ആഗസ്റ്റ് 31നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ജോഷി, ഉമാഭാരതി എന്നിവര്‍ പ്രതികളായ കേസില്‍ 31ന് വിധി പ്രസ്താവിക്കണമെന്നും സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയോട് സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കാന്‍ മൂന്ന് മാസം കൂടി അനുവദിച്ച ശേഷമാണ് സുപ്രീം കോടതി അന്തിമ തീയതി പ്രഖ്യാപിച്ചത്.

പറഞ്ഞ സമയത്തിനുള്ളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ സ്പെഷ്യല്‍ ജഡ്ജ് എസ് കെ യാദവിന് ഉത്തരവ് നല്‍കി. വാദത്തിന്റെ എല്ലാ നടപടികളും റെക്കോഡ് ചെയ്യാന്‍ സ്പെഷ്യല്‍ ജഡ്ജിന് സൗകര്യമൊരുക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാര്‍, ജസ്റ്റിസ് സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഒമ്പത് മാസത്തിനുള്ളില്‍ കേസില്‍ തീര്‍പ്പുണ്ടാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.ഏപ്രിലില്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ ജഡ്ജി സമയം തേടിയത്.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ്, ബിജെപി എംപി വിനയ് കത്യാര്‍, സാധ്വി റിംതബര എന്നിവരാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസിലെ പ്രധാന പ്രതികള്‍.

Top