മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി; ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായെത്തിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി.

സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി പ്രശാന്ത് കുമാര്‍ എന്ന അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.

ഹര്‍ജി തള്ളിയ കോടതി പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. ഇത്തരം നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴയീടാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എല്‍.നാഗേശ്വര റാവു, എസ്.കെ.കൗള്‍, ബി.ആര്‍.ഗവായി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. ‘ഇതുപോലുളള ഒരുപാട് ഹര്‍ജികള്‍ അംഗീകരിക്കാനാവില്ല. ഇതെല്ലാം പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതാണ്. ഞങ്ങള്‍പിഴ ചുമത്തും.ഹര്‍ജിയുടെ നിസാരതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ജസ്റ്റിസ് റാവു അഭിപ്രായപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദത്തിനായി ഹാജരായ അഭിഭാഷകന്‍ രാജ്യത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്ന് മറക്കരുതെന്നും ഓര്‍മിപ്പിച്ചു. എന്നാല്‍ അതും മദ്യവില്‍പനയുമായി എന്താണ് ബന്ധമുള്ളതെന്നായിരുന്നു ജസ്റ്റിസ് റാവുവിന്റെ മറുചോദ്യം.

Top