എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപദവി നല്‍കണമെന്നും സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ബിജെപി നേതാവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായ 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ,ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജി തള്ളിയത്.

ജമ്മു കശ്മീര്‍, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയടക്കമുള്ള എട്ട് സംസ്ഥാനങ്ങളെ പ്രാദേശികമായ ജനസംഖ്യാടിസ്ഥാനത്തില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രകാരം ന്യൂനപക്ഷത്തെ നിര്‍ണയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനാടിസ്ഥാനത്തിലല്ല, ദേശീയാടിസ്ഥാനത്തിലാണ് മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതെന്ന് . വ്യക്തമാക്കി.മതം നിലനില്‍ക്കുന്നത് ഇന്ത്യയില്‍ ആകമാനമാണ്, സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്കുള്ളിലല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ നിര്‍ണയത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

മുസ്ലിം, കൃസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി മതക്കാര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തു.ഒരു സംസ്ഥാനത്തെ ന്യൂനപക്ഷത്തെ മനസ്സിലാക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും കോടതി തള്ളി.

നാഷണല്‍ കമ്മീഷന്‍ ഓഫ് മൈനോറിറ്റീസ് ആക്ടിലെ 2(സി) റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹര്‍ജിക്കാരന് ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

Top