പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി; കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം.

അതേസമയം പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയ പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

ജനുവരി 22ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ക്രിസ്മസ് അവധിക്കായി സുപ്രീം കോടതി ഇന്ന് അടയ്ക്കുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് ജനുവരി 22 ലേക്ക് മാറ്റിയത്.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിച്ചത്. മുസ്ലിം ലീഗ്, അസം ഗണ പരിഷത് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളുമാണ് ഹര്‍ജികളുമായി സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. അറുപതോളം ഹര്‍ജികളാണ് കോടതിക്കു മുമ്പാകെ എത്തിയത്.

നിയമം റദ്ദാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു.

Top