ജമ്മു കശ്മീരിന് പ്രത്യേക പദവി, ആര്‍ട്ടിക്കിള്‍ 35 എ ; വാദം കേള്‍ക്കുന്നത് 2019 ജനുവരിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി 2019 ജനുവരിയിലേക്ക് മാറ്റി. സംസ്ഥാനത്ത് ഡിസംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നീട്ടി വെച്ചിരിക്കുന്നത്.

ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കുക. പാര്‍ലമെന്റില്‍ പാസ്സാക്കാതെയാണ് ഈ വകുപ്പ് ഭരണഘടനയുടെ ഭാഗമായതെന്നും അതുകൊണ്ടുതന്നെ ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരു
ന്നത്.

സുപ്രീം കോടതിയുടെ മൂന്ന് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം തന്നെ രണ്ടുതവണ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. 35എ വകുപ്പ് സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

1954ല്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ കാലത്താണ് പ്രത്യേക ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 35എ നിലവില്‍ വന്നത്. 35എ വകുപ്പ് പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തു വാങ്ങുന്നതിന് അധികാരമില്ല. മാത്രമല്ല തദ്ദേശവാസികള്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. കൂടാതെ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീയ്ക്ക് സംസ്ഥാനത്തെ ഭൂമിയുടെ മേലുള്ള അവകാശങ്ങള്‍ നഷ്ടമാകുകയും ചെയ്യും.

എന്നാല്‍ ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നും അതിനാല്‍ ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം.

ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. 35 എ വകുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്ന് വിഘടനവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top