എല്ലാ സ്ഥലം മാറ്റങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് സുപ്രീംകോടതി

supreame court

ന്യൂഡല്‍ഹി : എല്ലാ സ്ഥലം മാറ്റങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നും കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീംകോടതി. ജുഡീഷ്യറിയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനായാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീംകോടതി സെക്രട്ടറി ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ സ്ഥലം മാറ്റങ്ങള്‍ക്കുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുകയെന്നത് കൊളീജിയത്തിന്റെ നടപടിക്രമങ്ങള്‍ക്ക് ഭൂഷണമല്ലെന്ന് പ്രസ്താവനയിലുണ്ട്. അടിയന്തരസാഹചര്യം വന്നാല്‍ വേണമെങ്കില്‍ കാരണങ്ങള്‍ വെളിപ്പെടുത്താന്‍ കൊളീജിയത്തിന് മടിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനി രാജി വച്ചത് വലിയ വിവാദമായിരുന്നു.

രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളാണ് വിജയ താഹില്‍രമാനി. ചെന്നൈയിലെ 75 ജഡ്ജിമാരുള്ള ഒരു ഹൈക്കോടതിയും, 32 ജില്ലകളിലെ സബോര്‍ഡിനേറ്റ് കോടതികളും, പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തെ കോടതികളുടെയും തലപ്പത്ത് നിന്നാണ് വെറും മൂന്ന് ജഡ്ജിമാരും ഏഴ് ജില്ലകളിലെ സബോര്‍ഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് വിജയ താഹില്‍ രമാനിയെ സ്ഥലം മാറ്റിയിരുന്നത്.

രാജ്യത്തെ മുന്‍നിരകോടതിയില്‍ നിന്ന് തീര്‍ത്തും ചെറിയ കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിലൂടെ തന്നെ തരംതാഴ്ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ കൊളീജിയത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കൊളീജിയം അത് പരിഗണിക്കാതെ തള്ളുകയാണ് ചെയ്തത്.

Top